കുട്ടിപ്പരാക്രമങ്ങൾ

സൂരജും ഞാനും തമ്മിൽ ആറു വയസ്സിന്റെ വ്യത്യാസമുണ്ട്.  എന്റെ ഫസ്റ്റ് കസിൻ ആണ് സൂരജ്.  ഞങ്ങളുടെ കുട്ടിക്കാലത്ത് കൂട്ടുകുടുംബം പോലെയായിരുന്നു തൃപ്പൂണിത്തുറയിൽ താമസം.  അച്ഛന്റെ തറവാട്.  അച്ഛന്റെ അച്ഛനും അമ്മയും ചെറിയമ്മയും അവരുടെ മക്കളും ഒക്കെ അടങ്ങുന്ന കുടുംബം.  പലരും പലപ്പോഴായി പല സ്ഥലങ്ങളിലേക്ക് ജോലി സംബന്ധമായി പോയെങ്കിലും, വെക്കേഷനിൽ തൃപ്പൂണിത്തുറയിൽ എത്തും.  ഞങ്ങൾ കസിൻസ് ഏഴുപേരാണ്.  മൂന്ന് ആണും നാല് പെണ്ണും.  ആണുങ്ങളിൽ സൂരജിനെ കൂടാതെ ഒരു ഏട്ടനാണുള്ളത്.  എന്നെക്കാൾ ആറു വയസ്സ് മീതെ.  ഏട്ടന് സമപ്രായക്കാരായ മറ്റ് കസിൻസ് (സെക്കന്റ്) ഉണ്ടായിരുന്നതിനാൽ ഞങ്ങളുടെ കൂടെ അധികം ഉണ്ടാകാറില്ല.  അതിനാൽ ആണുങ്ങളായ സൂരജും ഞാനും സുഹൃത്തുക്കളുമായിരുന്നു.  സൂരജ് പലപ്പോഴും തനിയെ കളിക്കുമായിരുന്നു.  യുദ്ധമായിരുന്നു പ്രിയപ്പെട്ട ഏകാങ്ക വിനോദം.  ഒരു പക്ഷേ ക്ഷത്രിയനായത് കൊണ്ടാകാം.  അങ്ങനെ യുദ്ധം ചെയ്തു കളിച്ചു കൊണ്ടിരിക്കുന്ന സമയത്ത് മറ്റൊരു ക്ഷത്രിയനായ ഞാൻ അതുവഴി ചെല്ലാൻ സാഹസപ്പെടാറില്ല.  ശത്രു ആരെന്ന് പറയാൻ പറ്റില്ലല്ലോ!  ആവേശംകൊണ്ട് നിൽക്കുമ്പോൾ കയ്യിലിരിക്കുന്നത് ഒരു ഉണക്ക കമ്പാണെങ്കിൽപോലും 'നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും' എന്ന പഴമൊഴിയെ അടിസ്ഥാനമാക്കി രംഗപ്രവേശം ഞാൻ ഒഴിവാക്കിയിട്ടേയുള്ളൂ.  അല്ലെങ്കിലും, എന്നേക്കാൾ പ്രബലനാണെന്നു എനിയ്ക്ക് തോന്നുന്നവരോട് 'ഞങ്ങളോട് ഏറ്റുമുട്ടാൻ ആരുണ്ട്' എന്ന മാമുക്കോയ ശൈലിയെയാണ് ഞാൻ അന്നും ഇന്നും എന്നും പിന്തുടരുക.  ഇതൊക്കെ ചെങ്കോലും കിരീടവുമില്ലാത്ത ഒരു രാജാവിന്റെ കൂർമ്മബുദ്ധിയുടെയും യുദ്ധമുറയുടെയും ഭാഗമായി കണ്ടാൽ മതി.  അല്ലാതെ...


ഞാൻ തനിയെ ബസ്സിൽ യാത്ര ചെയ്യുന്നത് പത്താംക്ലാസ്സ് പരീക്ഷ കഴിഞ്ഞ് ‌കൊടുങ്ങല്ലൂരിൽ നിന്നും തൃപ്പൂണിത്തുറയിലേക്കാണ്.  അന്നൊക്കെ ഫെറിയും കടക്കണമായിരുന്നു.  ആദ്യ യാത്രയിലാണോ പിന്നീട് എപ്പോഴോ ആണോ എന്നറിയില്ല, KSRTCയിലെ ചെക്കിങ് ഇൻസ്‌പെക്ടർ പിടിക്കുകയും ചെയ്തു.  അത് പക്ഷേ എന്റെ തെറ്റായിരുന്നില്ല.  മൂത്തകുന്നത്തു നിന്നും എറണാകുളത്തേക്ക് നേരിട്ടുള്ള ബസ്സിലാണ് കയറിയത്.  കയറിയ ഉടനെ ഡ്രൈവറുടെ തൊട്ട് പിന്നിലുള്ള സീറ്റിൽ ഇടംപിടിച്ചു.  തിരക്ക് കുറവായിരുന്നു.  സത്യസന്ധനായ ഞാൻ, ഇരുന്ന ഉടനെ പോക്കറ്റിൽനിന്നും പൈസ എടുത്ത് കയ്യിൽ പിടിച്ചു.  ഇടയ്ക്കിടെ തിരിഞ്ഞു നോക്കിയെങ്കിലും കണ്ടക്ടർ വന്നില്ല.  ബസ്സ് പറവൂരെത്തിയപ്പോൾ ദാ വരുന്നു ഒരു ചെക്കിങ് ഇൻസ്‌പെക്ടർ!  ഞാനെന്തിന് പരിഭ്രമിക്കണം.  കാശ് കയ്യിലുണ്ടല്ലോ.  എന്റെയടുത്തെത്തിയപ്പോൾ കയ്യിലെ കാശ് കാണിച്ചുകൊണ്ട് ഞാൻ കാര്യം പറഞ്ഞു, "കണ്ടക്ടർവന്നില്ല".  ഉടൻ അയാൾ കണ്ടക്ടറെ വിളിച്ചു.  താൻ എല്ലാവരോടും ചോദിച്ചതാണെന്ന് അയാൾ കൈമലർത്തി.  കരച്ചിലൊക്കെ വന്നെങ്കിലും ഞാൻ സധൈര്യം എന്റെ പ്രശ്നം ആവർത്തിച്ചു.  പൈസ നീട്ടിക്കൊണ്ട് ടിക്കറ്റ് തരാനും അഭ്യർത്ഥിച്ചു.  ചെക്കറുടെ അടുത്ത ചോദ്യം ഞാൻ എവിടുന്ന് എങ്ങോട്ടു പോകുന്നു എന്നതായിരുന്നു.   "മൂത്തകുന്നത്തു നിന്നും എറണാകുളത്തേക്ക്".  സത്യസന്ധൻ ഉത്തരം നൽകി.  അന്ന് വിരമിക്കാനിരുന്നതാണെന്നു തോന്നുന്നു, ചെക്കറായി പ്രമോഷൻ കിട്ടിയിട്ട് ആദ്യമായി കിട്ടിയ 'കേസു'പോലെ അയാൾ അത് കൈകാര്യം ചെയ്യാൻ തീരുമാനിച്ചു.  എനിക്ക് ഒരു കുട്ടിയുടേതായ പരിഗണനപോലും ലഭിച്ചില്ല.  പതിവുപോലെ, മലയാളികളായ സഹയാത്രികർ, രംഗം പകർത്താൻ മൊബൈൽ ഫോണൊന്നും കണ്ടുപിടിച്ചിട്ടില്ലല്ലോ എന്ന സങ്കടത്താൽ, വെറും കാഴ്ചക്കാരാകാൻ തീരുമാനിച്ചുറച്ചു.  ശിക്ഷ  വിധിച്ചു! മൂത്തകുന്നത്തു നിന്നും എറണാകുളം വരെയുള്ള ചാർജ്ജും അത്രതന്നെ പിഴയും അടക്കണം.  കൂടാതെ പറവൂരിൽ ഇറങ്ങുകയും വേണം!  എന്നാ കടുത്ത ശിക്ഷ.  ആരുടെയും പിന്തുണയില്ലാതിരുന്നതിനാലും, തിരിച്ചു വരാനുള്ള പൈസ കയ്യിൽ ഉണ്ടായിരുന്നതിനാലും 'പിഴ'യടച്ചു ഞാൻ പറവൂരിൽ ഇറങ്ങി!  തീർച്ചയായും നിങ്ങൾ മനസ്സിൽ വിചാരിക്കുന്നത് പോലെ ഞാനും വിചാരിച്ചു.  പക്ഷേ, അല്പംവൈകി, അടുത്ത ബസ്സിൽ യാത്ര തുടർന്നുകൊണ്ടിരിക്കുമ്പോൾ മാത്രം.  "അല്ല, പറവൂർ ഇറങ്ങിയ ഞാൻ എന്തിന് എറണാകുളം വരേയുള്ള ടിക്കറ്റും പിഴയും അടച്ചു".  ഒരു പത്താംക്ലാസ്സുകാരന്റെ common sense ആദ്യ യുദ്ധത്തിൽ അത്രയൊക്കെയേ പ്രവർത്തിക്കുള്ളൂ എന്ന് കരുതിയാൽ മതി (പിന്നീട് ബി.കോം സെക്കൻഡ് ക്ലാസ്സിൽ പാസ്സായെങ്കിലും).

 

ഈ സൂരജിന്റെ കൂടെയാണ് ഞാൻ പ്രീ-ഡിഗ്രി റിസൾട്ട് നോക്കാൻ മാല്യങ്കര കോളേജിൽ പോയത്.  പരീക്ഷ എഴുതിയ എനിക്ക് റിസൾട്ടിനെ കുറിച്ച് ധാരണയുള്ളത് കൊണ്ട് 'തേർഡ്' ക്ലാസ്സിന്റെ ലിസ്റ്റാണ് നോക്കിയത്.  അതിൽ റോൾ നമ്പർ ഇല്ല!!!  വിയർത്ത് നിന്ന എന്നോട് ഈ സൂരജാണ് സെക്കൻഡ് ക്‌ളാസ്സിന്റെയും ഫസ്റ്റ് ക്‌ളാസ്സിന്റെയും  ലിസ്റ്റുകളും നോക്കാൻ പ്രേരിപ്പിച്ചത്.  ഗുണം കണ്ടു.  സെക്കൻഡ് ക്ലാസ്സ് ഉണ്ട്.  സൂരജ് കൂടെ ഇല്ലായിരുന്നെങ്കിൽ, ഒരു പക്ഷേ, ഞാൻ MSC-ക്കു (മാർച്ച് സെപ്റ്റംബർ കോഴ്സ് എന്നാണ് പണ്ടുള്ളവർ പറഞ്ഞിരുന്നത് - സോറി, ന്യൂജൻ ആയ എന്റെ മകന്റെ ഭാഷയിൽ 'ചളി') ചേർന്നേനെ.  അങ്ങനെ പുള്ളി എന്റെ രക്ഷകനായ അവസരങ്ങളും ഉണ്ട്.

 

അന്നൊക്കെ ഞങ്ങൾ രണ്ടുപേരും മാത്രമുള്ളപ്പോൾ ക്രിക്കറ്റ് ‌കളിക്കുകയോ, സിനിമ കാണുകയോ, ഹോട്ടലിൽ പോകുകയോ ഒക്കെയായിരുന്നു വിനോദങ്ങൾ.  പ്രീഡിഗ്രിക്കു പഠിക്കുന്ന ഞാനും അഞ്ചിലോ ആറിലോ പഠിക്കുന്ന സൂരജും സിനിമകാണാൻ എറണാകുളത്ത് പോകാൻ തീരുമാനിച്ചു.  ബസ്സിൽ.  തൃപ്പൂണിത്തുറ എറണാകുളം റൂട്ടിൽ അന്നൊക്കെ അധികവും പ്രൈവറ്റ് ബസ്സുകളായിരുന്നു കൂടുതൽ എന്നാണ് ഓർമ്മ.  സൂരജ് കാര്യങ്ങളെല്ലാം വളരെ 'പെട്ടെന്ന്' ചെയ്യുമായിരുന്നു.  എന്നു വച്ചാൽ നമ്മൾ കണ്ണടച്ചു തുറക്കും മുമ്പ് പലതിലും 'കൈ'വച്ചിരിക്കും.  'തടുക്കാനുള്ള' സമയം കിട്ടില്ല. 

 

പ്രൈവറ്റ് ബസ്സിലെ തിരക്കിനെക്കുറിച്ചു പറയേണ്ടല്ലോ.  അന്നും ഇന്നും എന്നും (ആ പ്രയോഗം എനിക്ക് ഇഷ്ടപ്പെട്ടു).  വടക്കേക്കോട്ട ആർച്ചിനടുത്തുള്ള ബസ്സ്‌സ്റ്റോപ്പിൽ ഞങ്ങൾ എത്തി.  അധികം താമസിയാതെ ഒരു ബസ്സ് വന്നു.  തിരക്കുണ്ട്, കയറാനും.  മണിക്കൂറുകളോളം താമസിച്ച് ‌ഓടുകയാണ് എന്നു തോന്നുംവിധം അലറിവിളിച്ചും ബെല്ലടിച്ചുകൊണ്ടും രണ്ടു വാതിലുകളിലുമുണ്ട് ഓരോ കഴുകന്മാർ ('കിളി'കളല്ല).  തിരക്കിൽകൂടി അകത്ത് കയറാൻ നോക്കുമ്പോൾ സൂരജിനെ കാണാനില്ല!  തിരിഞ്ഞൊന്നു നോക്കുമ്പോഴേക്കും ബസ്സ് ‌വിട്ടു.  ബസ്സ് ‌സ്റ്റോപ്പിൽ ഞാൻ മാത്രം.  മാഞ്ഞു പോയോ?!  രണ്ടാമതും നോക്കി.  മുന്നിലൂടെ കയറിക്കാണുമോ?  എന്റെ കാറ്റ് പോയി.  സ്വതവേ മെലിഞ്ഞ ഞാൻ ഒന്നുകൂടി മെലിഞ്ഞു.  എവിടെയിറങ്ങും, എവിടെപ്പോയി നോക്കും, ഒരു ഐഡിയയുമില്ല.  പുറകെ ഓടിയിട്ടു കാര്യമില്ലാത്തതിനാൽ ബസ്സിന്റെ പുറകെ വച്ചുപിടിച്ചു, കാഴ്ച്ചയിലില്ലെങ്കിലും.  അധികം നടക്കേണ്ടി വന്നില്ല.  ഗോപാലൻകുട്ടി (തിരുവഞ്ചിക്കുളം അമ്പലത്തിലെ ഉത്സവങ്ങളിൽ ഒരു സ്ഥിരസാന്നിധ്യമായിരുന്നു ആ ആന) നടന്നു വരുന്ന പോലെ ആടിക്കുഴഞ്ഞു ദാ വരുന്നു സൂരജ്!!!  "ചേട്ടൻ കയറിയില്ല" എന്ന് പറഞ്ഞു കണ്ടക്ടർ ഇറക്കിവിട്ടത്രേ, NSS സ്‌കൂളിന് മുൻപിൽ.  മുന്നിലൂടെ കയറിയതാണ്.  എന്തായാലും കളഞ്ഞുപോകാൻ സാധ്യതയുണ്ടായിരുന്ന അനിയനെ കണ്ടുമുട്ടിയ സന്തോഷത്തിൽ ഞങ്ങൾ രണ്ടുപേരും വടക്കേകോട്ടയിൽ താമസിക്കുന്ന ചിറ്റമ്മയുടെ വീട്ടിലേക്ക് നടന്നു.


കേട്ടപാതി:- അതിനും ഒരു പത്ത് പതിനഞ്ചു വർഷം മുമ്പാണ്.  കുഞ്ഞമ്മാമൻ (അമ്മയുടെ സഹോ) പനച്ചിപ്പാറ (പൂഞ്ഞാർ) ടൗണിൽകൂടി നടക്കുകയായിരുന്നു.  അടുത്തുകൊണ്ടിരിക്കുന്ന ഓട്ടോയുടെ പിൻസീറ്റിൽ പരിചയമുള്ള ഒരു കുട്ടിയുള്ളപോലെ ഒരു തോന്നൽ.  രണ്ടാമതും നോക്കി.  അത് മറ്റൊരു അനന്തിരവനായിരുന്നു.  അമ്മ വഴി (അതും) എന്റെ ഫസ്റ്റ് കസിൻ!  കൂടെ ആരോ ഒരാൾ.  പിടിച്ചിറക്കി കൊണ്ടുവന്നെങ്കിലും എങ്ങിനെ അതിനകത്ത് കയറിക്കൂടി എന്നത് ഇന്നും ഒരു ചോദ്യമായിത്തന്നെ ബാക്കി.  അന്ന് തിരിച്ചുകിട്ടിയെങ്കിലും ചില അനാവശ്യ തെറ്റിദ്ധാരണകളാൽ ഇന്ന് എനിക്ക് 'നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന' നല്ലൊരു സുഹൃത്താണ് ഹരിച്ചേട്ടൻ... 😢

 

ആർവീ

1 comment:

  1. Read on to find out|to search out} the most effective slots casinos and key tips half in} on-line slots for actual cash. Enjoy over 2,000 of essentially the most in-demand slot machines in denominations ranging from a penny to $25. With two spacious ranges, discover your favorite games including progressive, reel, video slots and video poker, or attempt the most recent and greatest slot games to hit our casino floor. Casino at Delaware Park also offers a High Limit room that options a SM카지노 perfect mix of different slot styles and denominations, plus a High Rollers Bar positioned shut by. Depending on the machine, the participant can insert money or, in "ticket-in, ticket-out" machines, a paper ticket with a barcode, into a designated slot on the machine.

    ReplyDelete

Spotter - ഒരു പരാമർശം

തൃത്താല  -  ആ   സ്ഥലപ്പേര്   കേൾക്കുമ്പോൾ   ആദ്യം   ഓർമ്മ   വരുന്നത്   പ്രശസ്ത   തായമ്പക   വിദ്വാൻ   ശ്രീ   കേശവ   പൊതുവാളിനെയാവും .  ഒരു   ...